Saturday, June 7, 2014

പച്ച - എന്റെ മനസാക്ഷിസൂക്ഷിപ്പുകാരന്

 എ . അയ്യപ്പന്‍ 



കുട്ടിയുടെ പച്ചച്ചായം തീര്‍ന്നുപോയിരുന്നു.
അവനു ഒരു പച്ചമരം വരയ്ക്കണം.
അത് അവന്റെ അപ്പോഴത്തെ ഇച്ഛയായിരുന്നു.
മഞ്ഞ കൊണ്ട്
ഒരു സുര്യകാന്തി പോരാ
നീല കൊണ്ട്
ഒരു ആകാശം പോരാ
ചുവപ്പ് കൊണ്ട് 
ഒരു നക്ഷത്രം പോരാ
കറുപ്പ് കൊണ്ട്
ഒരു കാക്ക പോരാ
വെളുപ്പ്‌ കൊണ്ട്
ഒരു പുലര്‍ച്ച പോരാ 
ഒരു പച്ച മരം വേണം
അത് അവന്റെ  ഇച്ഛയായിരുന്നു.

ഒഴിഞ്ഞ കീശകാരന്റെ    ഒഴിഞ്ഞു മാറുന്ന
സുഹൃത്തിനെ
എനിയ്ക്ക് ഓര്‍മ വന്നു
വെറുപ്പും സ്നേഹവുമായ  അവസ്ഥയുടെ സങ്കലനം
എനിയ്ക്ക് ഓര്‍മ വന്നു
അച്ഛന്റെ അമര്‍ഷവും അമ്മയുടെ കാരുണ്യവും
എനിയ്ക്ക് ഓര്‍മ വന്നു
സ്വന്തം മുറിയും  അസ്വസ്ഥമായ അലച്ചിലും
 എനിയ്ക്ക് ഓര്‍മ വന്നു
കാണാതായ കുട്ടിയും കണ്ടെത്താനാവാത്ത അമ്മയുടെ മനസ്സും
എനിയ്ക്ക് ഓര്‍മ വന്നു
പൂര്‍വ സ്മൃതിയുടെ മന്ത്രവും ബുദ്ധിയുടെ തെളിമയും
എനിയ്ക്ക് ഓര്‍മ വന്നു
കോപവും ശാന്തവും  എനിയ്ക്ക് ഓര്‍മ വന്നു
ബോധവും അസ്തമയവും എനിയ്ക്ക് ഓര്‍മ വന്നു
വീടും തടവും എനിയ്ക്ക് ഓര്‍മ വന്നു
ശിലയും ശാപവും എനിയ്ക്ക് ഓര്‍മ വന്നു
മുറിവും പച്ചിലയും എനിയ്ക്ക് ഓര്‍മ വന്നു
അറിവും വ്യഥയും എനിയ്ക്ക് ഓര്‍മ വന്നു

ഒടുവില്‍
ഞാന്‍ പഠിച്ചത് പറഞ്ഞു കൊടുത്തു.
മഞ്ഞയും നീലയും കൂട്ടിക്കലർത്തിയാലുള്ള  പച്ച.

ഇന്നവന്‍
ഞാന്‍ പഠിപ്പിച്ച ജ്യാമിതീയ വിശ്വാസത്തിലൂടെ
മഞ്ഞയും നീലയും കലര്‍ന്ന പച്ചയെ സ്നേഹിക്കുന്നു.
ഇന്നവന്‍
പച്ചയെ മറന്നു
പച്ചപ്പിനെ മറന്നു.